11:37pm 24 September 2026
NEWS
ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ
24/09/2026  09:05 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

തിരുവനന്തപുരം: കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഒന്നാം ഏകദിന മത്സരത്തിന്റെ ടിക്കറ്റുകൾ സമൂഹമാധ്യമങ്ങൾ വഴി ഉയർന്ന വിലയ്ക്ക് കരിഞ്ചന്തയിൽ വിൽക്കുന്നതിനെതിരെ കേരള ക്രിക്കറ്റ് അസോസിയേഷൻ പൊലീസിൽ പരാതി നൽകി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ഡോ. അരുൾ ആർ.ബി. കൃഷ്ണയ്ക്കാണ് കെസിഎ സെക്രട്ടറി വിനോദ് എസ്. കുമാർ ഔദ്യോഗികമായി പരാതി കൈമാറിയത്.

യഥാർത്ഥ വിലയേക്കാൾ ഉയർന്ന നിരക്കിൽ സമൂഹമാധ്യമങ്ങളിലൂടെ ചിലർ ടിക്കറ്റുകൾ വാഗ്ദാനം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കെസിഎയുടെ  നടപടി. ഇത്തരം അനധികൃത വിൽപ്പനകൾ യഥാർത്ഥ ക്രിക്കറ്റ് ആരാധകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനൊപ്പം വ്യാജ ടിക്കറ്റുകൾ വ്യാപകമാകാൻ കാരണമാകുമെന്നും കെസിഎ നൽകിയ പരാതിയിൽ പറയുന്നു.

സെപ്റ്റംബർ 17ന് വൈകുന്നേരം 7 മണിക്ക് തിരുവനന്തപുരം ഹയാത്ത് റീജൻസിയിലായിരുന്നു മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ഉദ്ഘാടനം ചെയ്തത്. കെസിഎയുടെ ഔദ്യോഗിക ടിക്കറ്റിംഗ് പങ്കാളിയായ ടിക്കറ്റ് ജീനി  വഴി മാത്രം ലഭ്യമാക്കിയ ടിക്കറ്റുകൾ വെറും 12 മണിക്കൂറിനുള്ളിൽ പൂർണമായും വിറ്റുതീർന്നിരുന്നു.

വ്യാജ ടിക്കറ്റ് വിൽപ്പനയും കരിഞ്ചന്തയും തടയുന്നതിനായി കർശന നടപടികൾ സ്വീകരിക്കണമെന്നും അനധികൃത വിൽപ്പനക്കാർക്കെതിരെ അടിയന്തര ഇടപെടൽ നടത്തണമെന്നും കെസിഎ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img